കോട്ടയം: കാര്‍ഷിക ഉത്പന്നങ്ങള്‍ ഓണവിപണിയില്‍ എത്തിച്ച കര്‍ഷകർക്കു സാമ്പത്തിക നേട്ടമില്ലെന്നു പരാതി. മാസങ്ങള്‍ നീണ്ട അധ്വാനത്തില്‍ വിളയിച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഓണക്കാലത്ത് വില വര്‍ധിച്ചെങ്കിലും സാമ്പത്തിക നേട്ടം ഇടനിലക്കാര്‍ക്കും വ്യാപാരികള്‍ക്കുമാണ് ലഭിച്ചത്.
ചേന, ചേമ്പ്, കാച്ചില്, വാഴക്കുല തുടങ്ങി എല്ലാ വിഭവങ്ങളും വില്പന വിലയേക്കാള്‍ 20 രൂപയോളം താഴ്ത്തിയാണ് കര്‍ഷകരില്‍നിന്ന് വ്യാപാരികള്‍ വാങ്ങിയത്. ചില വ്യാപാരികള്‍ക്ക് നാടന്‍ വാഴക്കുല ഉള്‍പ്പെടെയുള്ള വിഭവങ്ങളോടു താത്പര്യമില്ല. വിലക്കുറവില്‍ ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ ഇതര സംസ്ഥാന സാധനങ്ങളാണ് ഇവര്‍ വിൽക്കാന് താത്പര്യപ്പെടുന്നത്. കോവിഡ് കാലത്ത് നിലച്ചുപോയ കര്‍ഷകചന്തകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതിനാല്‍ സാധനങ്ങള്‍ വിൽക്കാന് പ്രാദേശിക കച്ചവടക്കാരെ ആശ്രയിക്കേണ്ടി വരികയാണ്.
ചേന മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 80 രൂപയ്ക്ക് വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 40-50 രൂപവരെ മാത്രമാണ്. ശീമച്ചേമ്പിനും കണ്ണന്ചേമ്പിനും സ്ഥിതി സമാനമാണ്. പച്ച ഏത്തക്കായയ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 35 രൂപയാണ്. വില്പന അന്‍പതു രൂപയ്ക്കു മുകളിലാണ്.
പച്ചക്കപ്പ കൊടുത്താല്‍ 10 കിലോഗ്രാമിന് ഒരു കിലോ അധികം വ്യാപാരികള്‍ക്ക് നല്‍കണം. ഒരു കിലോഗ്രാം കപ്പ വില്ക്കുമ്പോള് കര്ഷകന് ലഭിക്കുന്നത് 25-30 രൂപയാണ്. വില്പന വില 40 രൂപ. കപ്പ നട്ട് മാസങ്ങള്‍ വളര്‍ത്തി പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുകയുടെ നേര്‍പ്പകുതി ലാഭം കച്ചവടക്കാരനു ലഭിക്കുന്നു.